26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കും. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ മന്ത്രി ജി ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കി പ്രകാശനം ചെയ്യും. ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് ഉദ്ഘാടന ചിത്രം. എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 15 തിയേറ്ററുകളിലായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.