ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിൽ അടിയന്തരയോഗം ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാനദണ്ഡങ്ങൾ പാലിക്കാത്ത യൂണിറ്റുകളുടെ ലൈസൻസുകൾ റദ്ദാക്കിയേക്കും. ചുമയ്ക്കുള്ള കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും 14 കുട്ടികൾ മരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ അടിയന്തര യോഗം വിളിച്ചത്.
കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കഫ് സിറപ്പുകളുടെ യുക്തിപൂർവ്വമായ ഉപയോഗം ഉറപ്പാക്കാനും നിരീക്ഷണവും പരിശോധനയും ശക്തമാക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
മാനദണ്ഡങ്ങൾ പാലിക്കാത്ത യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കം കടുത്ത നടപടികൾ ഉണ്ടായേക്കും. മധ്യപ്രദേശിൽ കുട്ടികൾക്ക് മരുന്ന് നിർദ്ദേശിച്ച ഡോക്ടർ പ്രവീൺ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ നിയമവിരുദ്ധമായി മരുന്നു നൽകിയതിന് ഡോക്ടർ പ്രവീൺ സോണിയെ മധ്യപ്രദേശ് സർക്കാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കോൾഡ്രിഫ് സിറപ്പ് നിർമിച്ച തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിന് എതിരെയും കേസ് എടുത്തു.
അതേസമയം, മരുന്നിന്റെ സാമ്പിളുകളിൽ 48.6 ശതമാനം ഡൈ എത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ആറു സംസ്ഥാനങ്ങളിലായി മരുന്ന് നിർമ്മാണം നടത്തുന്ന 19 ഇടങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു. മരുന്നിൽ ദോഷകരമായ പദാർത്ഥങ്ങളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ നിർദ്ദേശം നൽകി.