83 വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ നൽകി നെറ്റ്ഫ്‌ളിക്‌സ്

ഒൺലൈൻ സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിക്കുന്നു. 83 വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ നൽകി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ‘ദി ഓൾഡ് ഗാർഡ്’ എന്ന വീഡിയോ ഗെയിം കളിച്ച് ഏറ്റവും വലിയ സ്‌കോർ നേടുന്നവർക്കാണ് 83 വർഷത്തേക്ക് സബസ്‌ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് നെറ്റ്ഫ്‌ളിക്‌സ് ‘ദി ഓൾഡ് ഗാർഡ്’ എന്ന ചിത്രം പുറത്തിറക്കുന്നത്. ചാർലിസ് തെറോണാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓൾഡ് ഗെയിമിൽ ലാബ്രീസ് വീൽഡിംഗ് ഇമ്മോർട്ടലായാണ് നിങ്ങൾ കളിക്കേണ്ടത്. ശത്രുക്കളെ പരാജയപ്പെടുത്തുകയാണ് കളിയുടെ ലക്ഷ്യം.

ബ്രൗസർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന കളിയാണ് ‘ദി ഓൾഡ് ഗാർഡ് ഗെയിം’. ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് ഗെയിം കളിക്കേണ്ടത്. വലിയ ഇരുതലയുള്ള കോടാലി ഉപയോഗിച്ച് കഴിയാവുന്നത്ര ശത്രുക്കളെ കൊലപ്പെടുത്തുകയാണ് കളിയുടെ ലക്ഷ്യം. ശത്രുക്കൾക്ക് നിങ്ങളെ കൊല്ലാൻ പറ്റില്ല. എന്നാൽ ഓരോ തവണ ശത്രു നിങ്ങളെ കൊല്ലാൻ ശ്രമിക്കുമ്പോഴും നിങ്ങളുടെ വേഗത കുറയും. അതുകൊണ്ട് തന്നെ ശത്രുവിന്റെ ആക്രമണത്തിന് ഇരയാകാതെ മുന്നേറാൻ ശ്രദ്ധിക്കണം

ജൂലൈ 19 വരെയാണ് ഗെയിം ഉണ്ടാവുക. ഈ കാലയളവിൽ ഏറ്റവും കൂടുതൽ സ്‌കോർ കരസ്ഥമാക്കുന്ന വ്യക്തിക്കാണ് 83 വർഷം നെറ്റ്ഫ്‌ളിക്‌സ് സൗജന്യമായി സബ്‌സ്‌ക്രിപ്ഷൻ നൽകുന്നത്. അമേരിക്കയിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ മത്സരമുള്ളു.