ഇന്ത്യൻ ഉൽപ്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്‌ത്‌ ഇന്ത്യയിലെ ചൈനീസ് അംബാസിഡർ

ഇന്ത്യൻ ഉൽപ്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സു ഫെയ്‌ഹോങ്. ഏഷ്യൻ സാമ്പത്തിക വളർച്ചയുടെ ഇരട്ട എഞ്ചിനുകളാണ് ഇന്ത്യയും ചൈനയും.പൊതുവായ വികസനം കൈവരിക്കാനുള്ള മാർഗം ഐക്യവും സഹകരണവുമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യം ലോകത്തിനാകെ ഗുണം ചെയ്യുമെന്നും ചൈനീസ് അംബാസിഡർ കൂട്ടിച്ചേർത്തു. മോദിയുടെ ചൈന സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് പുതിയ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തൽ.

തുല്യമായ ബഹുധ്രുവ ലോകക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനു നേതൃത്വം നൽകേണ്ട ഉത്തരവാദിത്തം ഇന്ത്യക്കും ചൈനയ്ക്കും ഉണ്ട്. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളാണ്. സംഭാഷണത്തിലൂടെ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യണം. ചൈനയും ഇന്ത്യയും തന്ത്രപരമായ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുകയും പരസ്പര സംശയം ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യക്ക് മേലുള്ള യുഎസിന്റെ അധിക തീരുവ ചുമത്തലിലും ചൈനീസ് അംബാസിഡർ സു ഫെയ്‌ഹോങ് പ്രതികരിച്ചു. ഇന്ത്യയ്ക്ക് മേൽ യുഎസ് 50 ശതമാനമാണ് താരിഫ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ നികുതി ചുമത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി. നിശബ്ദത അമേരിക്കക്ക് കൂടുതൽ ധൈര്യം നൽകും. ചൈന ഇന്ത്യക്കൊപ്പം ഉറച്ചു നിൽക്കുമെന്നും അമേരിക്കൻ നടപടിയെ ചൈന ശക്തമായി എതിർക്കുന്നുവെന്നും സു ഫെയ്‌ഹോങ് കൂട്ടിച്ചേർത്തു.