Headlines

വാഴൂര്‍ സോമന് വിട നല്‍കാന്‍ നാട്; സംസ്‌കാരം ഇന്ന് വൈകിട്ട്

അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ സംസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരത്തു നിന്ന് പുലര്‍ച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാര്‍ വാളാഡിയിലെ വീട്ടിലെത്തിച്ചു. 11 മണിക്ക് വണ്ടിപ്പെരിയാര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകിട്ട് നാലുമണിക്ക് പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദന്‍ സ്മൃതി മണ്ഡപത്തിന് സമീപമാണ് സംസ്‌കാരം.

നേരത്തെ വീട്ടുവളപ്പില്‍ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, എസ് കെ ആനന്ദന്‍ സ്മൃതി മണ്ഡപത്തിനോട് ചേര്‍ന്ന് മൃതദേഹം സംസ്‌കരിക്കണമെന്ന ആഗ്രഹം വാഴൂര്‍ സോമന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചതോടെയാണ് മാറ്റം വരുത്തിയത്.

ഇന്നലെ തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണാണ് വാഴൂര്‍ സോമന്റെ മരണം. ഉടന്‍ തന്നെ ശാസ്തമംഗലത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 72 വയസായിരുന്നു.

മുതിര്‍ന്ന സിപിഐ നേതാവായ വാഴൂര്‍ സോമന്‍ 2021ല്‍ കോണ്‍ഗ്രസിന്റെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. പീരുമേട്ടിലെ കര്‍ഷക പ്രശ്നങ്ങള്‍, തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍, ഭൂപ്രശ്നങ്ങള്‍ എന്നിവ വിശദമായി പഠിക്കുകയും സഭയ്ക്ക് അകത്തും പുറത്തും സജീവ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു.

ഇ എസ് ബിജിമോളുടെ പിന്‍ഗാമിയായാണ് വാഴൂര്‍ സോമന്‍ പീരുമേട് എംഎല്‍എയാകുന്നത്. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനായാണ് വാഴൂര്‍ സോമന്‍ അറിയപ്പെട്ടിരുന്നത്. കന്നിമത്സരത്തില്‍ തന്നെ വാഴൂര്‍ സോമന് അസംബ്ലിയിലെത്താനായി. സ്വന്തമായി ജീപ്പ് ഓടിച്ച് വാഴൂര്‍ സോമന്‍ സഭയിലെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. ദീര്‍ഘകാലമായി സിപിഐ ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നു.