Headlines

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും; മകളുടെ സംസ്‌കാരം ദുബായില്‍; ചര്‍ച്ചയില്‍ തീരുമാനം

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ആണ് തീരുമാനം.

കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യത്തിലുണ്ടായ അനിശ്ചിതത്വങ്ങള്‍ ആണ് ഇതോടെ അവസാനിച്ചത്. കുഞ്ഞിന്റെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടു.

ഇന്ന് ഉച്ച മുതല്‍ കോണ്‍സുലേറ്റില്‍ വിപഞ്ചികയുടെ മാതാവ് ശൈലജയും നിതീഷിന്റെ ബന്ധുക്കളുമായി ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നതിലാണ് ഈ ചര്‍ച്ചയിലും നിതീഷും ബന്ധുക്കളും ഉറച്ചു നിന്നത്. തുടര്‍ന്ന് വിപഞ്ചികയുടെ കുടുംബം വിഷയത്തില്‍ സമ്മതമറിയിക്കുകയായിരുന്നു.

വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നാണ് വിവരം. നാളെയോ മറ്റന്നാളോ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും. കുഞ്ഞിന്റെ സംസ്‌കാരം നാളെത്തന്നെ നടന്നേക്കും.