ഇടുക്കി: മകളുടെ ശരീരത്തിൽ ചായ കോരി ഒഴിച്ച് പൊള്ളലേൽപ്പിച്ച പിതാവിനെതിരേ പോലിസ് കേസെടുത്തു. ഇടുക്കി കൊന്നത്തടി സ്വദേശി റോയിക്കെതിരെയാണ് കേസ്. കുടുംബ വഴക്കിനിടെയാണ് റോയി മകളുടെ ശരീരത്തിലേക്ക് തിളച്ച ചായ ഒഴിച്ചത്. പതിനൊന്നുകാരിയുടെ ഇടത് ചെവിയിലും തോളിലും കൈമുട്ടിലുമാണ് പൊള്ളലേറ്റത്.
കൊന്നത്തടി പാറത്തോട്ടിലായിരുന്നു സംഭവം. ക്രിസ്മസ് തലേന്ന് രാത്രി കുടുംബ വഴക്കിനിടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന തിളച്ച ചായ പിതാവ് റോയ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.
സംഭവം മറച്ചുവച്ച് അബദ്ധത്തിൽ ചായ പെൺകുട്ടിയുടെ ശരീരത്തിലേക്ക് വീണെന്ന് പറഞ്ഞാണ് ആദ്യം കുടുംബം ആശുപത്രിയിൽ ചികിൽസ തേടിയത്. എന്നാൽ ബന്ധുക്കളും നാട്ടുകാരും വിവരം അറിയിച്ചതോടെ അംഗൻവാടി പ്രവർത്തക കുട്ടിയിൽ നിന്ന് വിവരം ശേഖരിച്ചു. തുടർന്ന് ചൈൽഡ്‍ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. ചൈൽഡ് ലൈനിൽ നിന്നുള്ള നിർദേശപ്രകാരം വീട്ടിലെത്തിയ പോലിസ് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു. പിതാവ് റോയ് ഒളിവിലാണ്.