തിരുവനന്തപുരം: പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് പോലിസ്. അച്ഛൻ ഉണ്ണികൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം പാച്ചല്ലൂരിൽ കുഞ്ഞിന്റെ നൂല് കെട്ട് ദിവസമായിരുന്ന ഇന്നലെയാണ് സംഭവം. നെടുമങ്ങാട് സ്വദേശി ചിഞ്ചുവിന്റെ രണ്ടാം വിവാഹവും പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണന്റെ ആദ്യവിവാഹവും ആയിരുന്നു. ഇവരുടെ 40 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മാതാവായ ചിഞ്ചുവിന്റെ വീട്ടിൽവെച്ചായിരുന്നു ഇന്നലെ നൂലുകെട്ട് ചടങ്ങുകൾ നടന്നത്. അതിന് ശേഷം പ്രതി ഉണ്ണികൃഷ്ണൻ കുഞ്ഞിനേയും കൊണ്ട് തിരുവല്ലം പാച്ചല്ലൂരിലേക്ക് വരുകയും കൊലപ്പെടുത്തുകയുമായിരുന്നു
കുഞ്ഞിനെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാവാണ് പോലിസിൽ പരാതിപ്പെട്ടത്. തുടർന്ന് പോലിസ് അന്വേഷണം ആരംഭിക്കുകയും അച്ഛൻ ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്യുകയുമായിരുന്നു. എന്നാൽ ഇയാൾ പോലിസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ആദ്യം പ്രതികരിച്ചത്. എന്നാൽ പിന്നീട് ഇയാൾ സംഭവം നടന്ന പുഴയുടെ ഭാഗത്ത്കൂടി നടന്നുപോകുന്നതായി കണ്ട നാട്ടുകാർ വിവരമറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം വ്യക്തമായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പുലർച്ചെ രണ്ട് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയത് നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് പോലിസിന്റെ പ്രാഥമിക വിലയിരുത്തൽ.