സംസ്ഥാനത്തെ എല്ലാ അനധികൃത നിര്‍മ്മാണവും പൊളിക്കേണ്ടി വരും

കേരളത്തില്‍ ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ 4 ആഴ്ചയ്ക്കകം അറിയിക്കാന്‍ സുപ്രീം കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച‌ സാഹചര്യത്തില്‍ എല്ലാ അനധികൃത നിര്‍മ്മാണവും പൊളിക്കേണ്ടി വരും. ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി നിര്‍ദ്ദേശിച്ച‌ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നല്‍കിയ ഉത്തരവ് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് അനധികൃത ഫ്‌ളാറ്റുകള്‍ എല്ലാം പൊളിക്കേണ്ടി വരുമെന്ന വിലയിരുത്തല്‍ . മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

മരട് ഫ്‌ളാറ്റ് കേസ് പരിഗണിച്ചപ്പോള്‍, ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണങ്ങളുടെ എണ്ണവും ഉദ്ദേശിക്കുന്ന നടപടിയും വ്യക്തമാക്കാന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. കണക്കെടുപ്പിനും മറ്റും 4 മാസം വേണമെന്നാണ് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് മറുപടിയില്‍ വ്യക്തമാക്കിയത്. മരടില്‍ മാത്രം 291 നിര്‍മ്മാണങ്ങളില്‍ ചട്ട ലംഘനമുണ്ട്. മറ്റു സ്ഥലങ്ങളിലെ ലംഘനങ്ങള്‍ പരിശോധിച്ച്‌ ആര്‍ക്കൊക്കെ എതിരെ നടപടിയെന്നു നിര്‍ദ്ദേശിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. തുടര്‍നടപടിയുണ്ടാകാത്തതില്‍ കോടതിയലക്ഷ്യമാരോപിച്ചാണ് മേജര്‍ രവി ഹര്‍ജി നല്‍കിയത്. എന്നാല്‍ ടോം ജോസ് വിരമിച്ചെന്നും കോവിഡ് മൂലം തുടര്‍നടപടികള്‍ സാധ്യമായില്ലെന്നും സര്‍ക്കാരിനുവേണ്ടി ആര്‍. വെങ്കട്ടരമണിയും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി. പ്രകാശും വ്യക്തമാക്കി. പുതിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ കക്ഷിയാക്കാന്‍ കോടതി അനുവദിച്ചു. ചീഫ് സെക്രട്ടറി നല്‍കുന്ന സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ മേജര്‍ രവിക്ക് 2 ആഴ്ച നല്‍കി. നിലവിലെ സാഹചര്യത്തില്‍ എല്ലാ അനധികൃത നിര്‍മ്മാണവും പൊളിക്കേണ്ടി വരും.മരട് മുനിസിപ്പാലിറ്റിയില്‍ മാത്രം 291 ചട്ടവിരുദ്ധ നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി

തീരദേശത്തെ 10 ജില്ലകളില്‍ സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ 26,330 കെട്ടിടങ്ങളാണു കണ്ടെത്തിയത്.സര്‍ക്കാര്‍ രൂപീകരിച്ച കോസ്റ്റല്‍ ഡിസ്ട്രിക്‌ട് കമ്മിറ്റി (സിഡിസി)കളാണ് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കിയത്. പട്ടികയെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കാന്‍ ജില്ലാതലത്തില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ നടത്തിയിരുന്നു. മരട് വിധി വന്നപ്പോള്‍ തന്നെ സിആര്‍സെഡ് നിയമലംഘനത്തിന്റെ പരിധിയിലുള്ള 65 വന്‍കിട നിര്‍മ്മാണങ്ങളുണ്ടെന്ന തീരമേഖലാ പരിപാലന അഥോറിറ്റിയുടെ (കെസിഇസഡ്‌എംഎ) റിപ്പോര്‍ട്ട് ഭരണകേന്ദ്രങ്ങള്‍ക്ക് മുന്‍പാകെ വന്നിരുന്നു. 2019 ജൂണ്‍ 7നു ചേര്‍ന്ന അഥോറിറ്റി യോഗത്തിന്റെ മിനിറ്റ്‌സില്‍ ഈ കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.