നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവി പഠിക്കാനെത്തിയ ഹൈക്കമാൻഡ് നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് അറിയിച്ചതാണ്. ഇതിൽ കൂടുതലൊന്നും സമിതിക്ക് മുമ്പാകെ പറയാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം രാജിവെക്കുമെന്ന് പറയുന്നതല്ലാതെ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണമുറപ്പിക്കാൻ രാമചന്ദ്രൻ ഇതുവരെ തയ്യാറായിട്ടില്ല. ഒരുതരത്തിലും കെപിസിസി പ്രസിഡന്റിന്റെ കസേരയിൽ നിന്നിറങ്ങില്ലെന്ന നിലപാടിലായിരുന്നു രാമചന്ദ്രൻ ആദ്യം. ഒടുവിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമായതോടെയാണ് രാജിവെക്കാൻ തയ്യാറാണെന്ന് രാമചന്ദ്രൻ അറിയിച്ചത്.
അതേസമയം അശോക് ചവാൻ സമിതിയുടേത് വെറും പ്രഹസനമാണെന്ന് നേതാക്കൾ പറയുന്നു. തോറ്റ സ്ഥാനാർഥികളുടെ പരാതി സമിതി കേട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.