വിദ്യാർഥിയിൽ നിന്ന് കൈക്കൂലി; എംജി സർവകലാശാല ജീവനക്കാരി പിടിയിൽ

 

എം ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്റ്റന്റ് സി ജെ എൽസിയാണ് വിജിലൻസ് പിടിയിലായത്. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ് .

സർവകലാശാല ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്. മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഒന്നര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വെച്ച് കൈപ്പറ്റിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.