മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൊച്ചിയിൽ അദ്ദേഹം കഴിയുന്നത് എൻ ഐ എ നിരീക്ഷണത്തിലാണ്. എൻ ഐ എ തന്നെയാണ് ശിവശങ്കറിന് ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്. ഉദ്യോഗസ്ഥരും ഇതേ ഹോട്ടലിൽ തങ്ങുന്നുണ്ട്.
സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് എത്താനാണ് ശിവശങ്കറിന് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ പകൽ ഒമ്പത് മണിക്കൂറോളം നേരം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് സംഘവുമായി ശിവശങ്കറിന് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും എൻ ഐ എ സംഘം പരിശോധിക്കുന്നത്.
അതേസമയം സ്വപ്‌നക്കും സംഘത്തിനും കള്ളക്കടത്ത് ഇടപാടുള്ള കാര്യം തനിക്കറിയില്ലെന്നാണ് ശിവശങ്കർ പറയുന്നത്. ഇവരുമായി സൗഹൃദം മാത്രമാണുണ്ടായിരുന്നത്. നയതന്ത്ര ബാഗ് തടഞ്ഞുവെച്ചതിന് പിന്നാലെ ജൂലൈ ഒന്നിനും അഞ്ചിനും ഇടയിൽ സ്വപ്‌ന ശിവശങ്കറിനെ കാണാൻ സെക്രട്ടേറിയറ്റിൽ എത്തിയതായി കരുതുന്നു. ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടിട്ടുണ്ടോയെന്ന കാര്യവും എൻ ഐ എ പരിശോധിക്കുന്നുണ്ട്.