സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഏകദേശം ഒമ്പത് മണിക്കൂറോളം നേരമാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻ ഐ എ ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
രാവിലെ 10 മണിയോടെ കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അന്വേഷണ സംഘാംഗങ്ങൾക്ക് പുറമെ ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥരും കൊച്ചിയിലെത്തിയിരുന്നു. എൻഐഎയുടെ പ്രോസിക്യൂട്ടർമാരും സിറ്റിംഗിൽ ഹാജരായി.
ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യൽ. ശിവശങ്കറിനെ അടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്‌നക്കും കൂട്ടാളികൾക്കും കള്ളക്കടത്ത് ഇടപാടുണ്ടായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ശിവശങ്കർ ഇന്നും ആവർത്തിച്ചത്.





