എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തശേഷം വിട്ടയച്ചു; ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പേരൂര്‍ക്കട പൊലീസ് ക്ലബ്ബില്‍ അഞ്ച് മണിക്കൂറോളമാണ് എന്‍.ഐ.എ അന്വേഷണ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. വൈകിട്ട് നാലോടെ വീട്ടില്‍ നിന്ന് പൊലീസ് ക്ലബ്ബിലെത്തിയ ശിവശങ്കറിനെ രാത്രി ഒമ്പത് മണി കഴിഞ്ഞതോടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചത്.

ശിവശങ്കറിന്റെ വിദേശബന്ധം, വിദേശത്തുനടന്ന കൂടിക്കാഴ്ചകള്‍, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം, ഹെതര്‍ ഫ്‌ളാറ്റില്‍ നടന്ന ഗൂഢാലോചന, പ്രതികള്‍ താമസിച്ചിരുന്ന വീടുകളില്‍ ഉള്‍പ്പെടെ നടന്ന കൂടിക്കാഴ്ചകള്‍ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. കേസില്‍ അറസ്റ്റിലായ സ്വപ്‌നയെയും സരിത്തിനെയും നാളെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന തരത്തില്‍ ചില തെളിവുകള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കുമെന്ന് രണ്ട് ദിവസംമുമ്പ് എന്‍.ഐ.എ സൂചന നല്‍കിയിരുന്നു. അതേസമയം, സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്ന് സരിത്ത് മാത്രമാണ് മൊഴി നല്‍കിയിട്ടുള്ളത്. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവില്ലെന്നായിരുന്നു സന്ദീപിന്റെയും സ്വപ്‌നയുടെയും മൊഴി.