കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെവിട്ടു

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതികളായ തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു. നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷാഫാസിനെ ഇരട്ട ജീവപര്യന്തത്തിനുമാണ് എൻഐഎ കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി

പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. അബ്ദുൽ ഹാലിം, അബൂബക്കർ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ എൻഐഎ നൽകിയ അപ്പീലും കോടതി തള്ളി.

യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും നിരപരാധികളാണെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 9 പ്രതികളുള്ള കേസിൽ രണ്ട് പ്രതികളുടെ അടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല