നാദാപുരം സ്വദേശിനിയായ യുവതി ദോഹയിൽ കുളിമുറിയിൽ ഷോക്കേറ്റ് മരിച്ചു

ദോഹ: കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതി ദോഹയിൽ താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ നിന്ന് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുകയായിരുന്നു. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് വിവരം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ ബിസിനസ് നടത്തുകയാണ്. മക്കൾ: അദാൻ മുഹമ്മദ് സഹീർ, ഐദ ഖദീജ, ഐദിൻ ഉസ്മാൻ.