കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളെ സിപിഎം പുറത്താക്കി, രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി

 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടിയുമായി സിപിഎം. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയെ മാറ്റി. പ്രതികളായ ജീവനക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

രണ്ട് ദിവസമായി തുടരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനും തുടർന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷമാണ് നടപടി. ഉല്ലാസ് കളക്കാട്ട്, കെ ആർ വിജയ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്തിയത്. ഇരിങ്ങാലക്കുടി എരിയാ കമ്മിറ്റി അംഗം പി കെ ചന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

ബാങ്കിന്റെ ഭരണസമിതിയിലുണ്ടായിരുന്ന ഒരാളെ ഒഴികെ എല്ലാവരെയും പുറത്താക്കും. പുറച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. പ്രതികളും ലോക്കൽ കമ്മിറ്റി അംഗങ്ങളുമായ സുനിൽകുമാർ, ബിജു കരീം, ബ്രാഞ്ച് അംഗം ജിൽസൺ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.