മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് മാർച്ച് നാലിലേക്കു മാറ്റി. വെള്ളിയാഴ്ച 16 പ്രതികളും കോടതിയിൽ ഹാജരായി. സിഡി പ്രവർത്തിപ്പിക്കാൻ ആവാത്തതും ചില രേഖകൾ കോപ്പി എടുക്കുന്പോൾ തെളിയാതിരിക്കുന്നതും പ്രശ്നമായി പ്രതിഭാഗം വക്കീൽ കോടതിയെ അറിയിച്ചു.
ഈ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാമെന്നു സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. സംഭവസ്ഥലം സന്ദർശിക്കുന്നതിനായി ഇതുവരെ കഴിയാതിരുന്ന കാര്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതിനുള്ള അനുമതി നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വനം വകുപ്പിനു തടസമില്ലെന്നു പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിലെത്തിയിരുന്നു.