സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്കു നിരക്ക് ഉടൻ വർധിപ്പിക്കുമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കഞ്ചിക്കോട് മൂന്നു മെഗാവാട്ട് സൗരോർജ പദ്ധതി ഉദ്ഘാടനത്തിനിടെയാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പകൽ ഉപയോഗിക്കുന്ന വൈദ്യുതിക്കു നിരക്കു കുറയ്ക്കാൻ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വർധനയും കുറവും എത്രമാത്രമെന്ന് ഉടൻ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ഇബിയിൽ 4,190 തൊഴിലാളികൾക്കു രണ്ടാഴ്ചയ്ക്കകം സ്ഥാനക്കയറ്റം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച വിധി വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കെഎസ്ഇബിയിലെ തൊഴിലാളികൾക്കു സ്ഥാനക്കയറ്റത്തിനു വഴി തുറന്നിരിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എല്ലാ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. തുടർന്നു സുപ്രീംകോടതിയിലെ കേസ് അതിവേഗം പരിഗണനയിൽ കൊണ്ടുവരുന്നതിനുള്ള ഇടപെടലുകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ മാസം ആദ്യആഴ്ച തന്നെ കേസ് പരിഗണിക്കുകയും ഇന്നലെ വിധി പ്രഖ്യാപിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
വിധി പഠിച്ച് അർഹതപ്പെട്ട സ്ഥാനക്കയറ്റങ്ങൾ രണ്ടാഴ്ചയ്ക്കകം കൊടുക്കാൻ കെഎസ്ഇബി ചെയർമാനു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ലൈൻമാൻ രണ്ടിൽനിന്ന് ലൈൻമാൻ ഒന്നിലേക്ക് 3170 പേർക്കും, ലൈൻമാൻ ഒന്നിൽനിന്ന് ഓവർസിയറിലേക്ക് 830 പേർക്കും ഓവർസീയർ, മീറ്റർ റീഡറിൽനിന്ന് സബ് എൻജിനിയറിലേക്ക് 90 പേർക്കും സബ് എൻജിനിയറിൽനിന്ന് അസിസ്റ്റന്റ് എൻജിനിയറിലേക്ക് 140 പേർക്കും സ്ഥാനക്കയറ്റം കിട്ടുമെന്നും മന്ത്രി അറിയിച്ചു.