കൊച്ചി തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ സംഭവത്തിൽ കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന പുതുവൈപ്പ് സ്വദേശി ടിജിൻ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ വെച്ചാണ് ടിജിൻ കസ്റ്റഡിയിലായത്. പൊലീസ് ഇയാലെ ചോദ്യം ചെയ്യുകയാണ്.
ടിജിനൊപ്പം ആക്രമണത്തിനിരയായ കുട്ടിയുടെ മാതൃ സഹോദരിയും മകനും ഉണ്ടായിരുന്നു. മൂന്ന് പേരെയും ഇന്ന് കൊച്ചിയിൽ എത്തിക്കും. അതേസമയം ചികിത്സയിൽ തുടരുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. കുട്ടി കണ്ണ് തുറന്നു. മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. രാവിലെ മുതൽ ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോക്ടർമാർ പറഞ്ഞു.
ഇതിനിടെ കുട്ടിയുടെ അമ്മയും അമ്മൂമ്മയും ജിവനൊടുക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ വെച്ചായിരുന്നു ആത്മഹത്യാശ്രമം. കുട്ടിയുടെ അമ്മ ബാത്ത്റൂമിൽ കയറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടു കൈ തണ്ടയിലും മുറിവുണ്ട്. അമ്മൂമ്മ മുറിയിൽ വെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. രണ്ടുപേരും അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു.