പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. നേതൃയോഗത്തിൽ ധാരണയായാൽ പ്രവർത്തക സമിതിയിൽ തീരുമാനം പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിനായാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മുസ്ലിം ലീഗ് നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്യുന്നത്. ഇന്നലെ ചേർന്ന ഉന്നതാധികാര സമിതിയിൽ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് ഏകദേശം ധാരണയായിരുന്നു. മെയ് മാസത്തോട് അനുബന്ധിച്ച് രാജിവെക്കാമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന ധാരണ. എന്നാൽ അതുവേണ്ട രാജിവെക്കുകയാണെങ്കിൽ ഇപ്പോൾ തന്നെ വേണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. തുടർന്നാണ് പ്രവർത്തക സമിതിയിൽ ഇത് അറിയിക്കാൻ തീരുമാനമായത്
നിയമസഭാ തെരഞ്ഞെടുപ്പിൽ വൈകി മാത്രം സജീവമായാൽ പോര, ലീഗിന്റെ പ്രചാരണം കുഞ്ഞാലിക്കുട്ടി തന്നെ നയിക്കണമെന്ന വികാരമാണ് പ്രവർത്തകർക്കുമുള്ളത്. വലിയ വിവാദങ്ങൾക്കും വഴിവെച്ചേക്കാവുന്ന തീരുമാനമാണ് ലീഗ് നേതൃത്വം എടുക്കാൻ പോകുന്നത്. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ ഇത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടിയെ കേരളാ രാഷ്ട്രീയത്തിന് ആവശ്യമാണെന്ന വാദം മുന്നോട്ടുവെച്ചാകും ലീഗ് വിവാദങ്ങളെ നേരിടുക
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏൽപ്പിച്ചത്. ലീഗ് സംഘടനാസംവിധാനത്തെ ചലിപ്പിക്കാൻ ഏറ്റവും ഉന്നതനായ നേതാവാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ മടങ്ങിവരവ് അണികളിലും ആവേശമുണ്ടാക്കുമെന്ന് ഉറപ്പാണ്.