മാനന്തവാടി: ക്രിസ്തുമസ് ട്രീ വീട്ടിൽ നിർമ്മിച്ച് ശ്രദ്ദേയാവുകയാണ് വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി എവുലിൻ അന്ന ഷിബു. ന്യൂസ് പേപ്പറും ഉപയോഗിച്ച പുസ്തക താളുകളും കൊണ്ടാണ് മനോഹരങ്ങളായ ട്രീ യും മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിക്കുന്നത് .
ലോക്ക് ഡൗൺ കാലത്ത് ബോട്ടിൽ ആർട്ട് ചെയത് തുടങ്ങിയതാണ് എവുലിൻ . ഉപയോഗശൂന്യമായ ബോട്ടിലുകൾ, കയർ , മുട്ട തോട് , പിസ്ത തോട് എന്നിവ കൊണ്ട് വാൾ ഹാങ്ങിങ്ങ് പോലുള്ളവ നിർമ്മിച്ചു. പിന്നീടാണ് പേപ്പർ കൊണ്ട് ക്രിസ്മസ് ട്രീ നിർമ്മിക്കാൻ തുടങ്ങിയത്. ന്യൂസ് പേപ്പറുകളും പുസ്തക താളുകളും കളർ പേപ്പറും കൊണ്ട് ഇതിനോടകം പല ഡിസൈനുകളിൽ ട്രീ നിർമ്മിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകൾ, മറ്റ് പാഴ്‌വസ്തുക്കൾ എന്നിവ ഉപയോഗിച്ച് വീട്ടിലേക്ക് ഈ ക്രിസ്തുമസിന് ആവശ്യമായ പല വിധ അലങ്കാര വസ്തുക്കൾ നിർമ്മിച്ചു.
പുതിയ സ്കൂളിൽ ചേർന്നിട്ട് ഇതുവരെ നേരിൽ കാണാത്ത ക്ലാസധ്യാപകനും വലിയ തോതിൽ ആഘോഷങ്ങൾ ഇല്ലാത്തതിനാൽ ഇടവക ദേവാലത്തിനും താൻ നിർമ്മിച്ച ട്രീ സമ്മാനമായി നൽകുമെന്ന് എവുലിൻ പറഞ്ഞു. പിന്നെ, ക്രിസ്തുമസ് രാവിൽ തന്നെ 85-ാം പിറന്നാൾ ആഘോഷിക്കുന്ന തൻ്റെ മുത്തശ്ശിക്കും എവുലിൻ സ്വയം നിർമ്മിച്ച ക്രിസ്തുമസ് സമ്മാനം കരുതി വെച്ചിട്ടുണ്ട്. പുല് കൂടിന് മുകളിലുള്ള നക്ഷത്രങ്ങൾ നിർമ്മിച്ചിട്ടുള്ളത് ഐസ്ക്രീം സ്റ്റിക്കുകൾ കൊണ്ടാണ്. വെറും 40 രൂപക്ക് ആർക്കും വീട്ടിൽ ക്രിസ്മസ് ട്രീ നിർമ്മിക്കാമെന്നുള്ളതിനാൽ മറ്റുള്ളവർക്ക് കണ്ട് പഠിക്കാനായി നിർമ്മാണത്തിൻ്റെ ഓരോ ഘട്ടവും സഹോദരങ്ങളുടെ യൂ ടുബിലും അപ് ലോഡ് ചെയ്തിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തിയ വീഡിയോ മത്സരത്തിലും മറ്റ് വിവിധ മത്സരങ്ങളിലും എവുലിൻ പങ്കെടുത്തിരുന്നു.