ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും 111 വഞ്ചനാ കേസുകളിൽ പ്രതിയുമായ എം സി കമറുദ്ദീനെ സംരക്ഷിക്കുമെന്ന സൂചനയുമായി മുസ്ലിം ലീഗ്. എം സി കമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കമറുദ്ദീനെതിരെ പാർട്ടി നടപടിയെടുക്കില്ല
നിക്ഷേപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം തിരിച്ചു കൊടുക്കണമെന്നാണ് പാർട്ടി നിലപാട്. പോലീസ് നടപടി നിയമപരമായി നിലനിൽക്കാത്തത് ആണ്. വിവാദങ്ങൾ ബാലൻസ് ചെയ്യാനാണ് സർക്കാർ നീക്കം. ബിസിനസ് പൊളിഞ്ഞതാണ്. എന്ത് അന്വേഷണമാണ് ഇതുവരെ നടന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു
കമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണ്. ഇല്ലാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ആരോപണങ്ങൾ എല്ലാവർക്കുമെതിരെയുണ്ടാകും. കമറുദ്ദീനെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം കമറുദ്ദീനെതിരെ പരാതി നൽകിയ ആളുകളെല്ലാം തന്നെ മുസ്ലിം ലീഗ് പ്രവർത്തകരോ അനുഭാവികളോ ആണെന്ന കാര്യം കുഞ്ഞാലിക്കുട്ടി പരാമർശിച്ചില്ല