ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ലീഗ് എംഎൽഎ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ

നിലവിൽ ചന്തേര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് അറസ്റ്റ്. മറ്റ് കേസുകളിൽ വരും ദിവസങ്ങളിലും അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്. കമറുദ്ദീന്റെ കൂട്ടുപ്രതി പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും.

കേസിൽ പ്രധാന പരാതിക്കാരും പ്രതികളും ലീഗ് പ്രവർത്തകരാണ്. പൂക്കോയ തങ്ങൾ ഇ കെ വിഭാഗം ആത്മീയ നേതാവ് കൂടിയാണ്. കമറുദ്ദീന്റെയും പൂക്കോയയുടെയും വാക്കുകൾ വിശ്വസിച്ചാണ് നിരവധി പേർ പണം നിക്ഷേപിച്ചത്.