ആദ്യ ശമ്പളം 736രൂപ, 18 മണിക്കൂര്‍ ജോലി; കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് സൂര്യ

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ സൂര്യ. ഒരു സാധാരണ നടനില്‍ നിന്നും കോളിവുഡിലെ സൂപ്പര്‍താരമായി ഉയര്‍ന്ന നടന്‍റെ വളര്‍ച്ച അതിശയത്തോടെയാണ് എല്ലാവരും നോക്കികണ്ടത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ നടിപ്പിന്‍ നായകന്റെതായി പുറത്തിറങ്ങിയിരുന്നു. അതേസമയം സിനിമയ്ക്ക് മുന്‍പുളള തന്റെ ജീവിതത്തെ കുറിച്ച് ഒരഭിമുഖത്തില്‍ നടന്‍ മനസുതുറന്നിരുന്നു.

 

അച്ഛന്റെ പാത പിന്തുടര്‍ന്ന് അന്ന് സിനിമാ മേഖലയിലേക്ക് എത്താന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് സൂര്യ പറയുന്നു. ഇതിനിടെയാണ് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയില്‍ എനിക്ക് ജോലി ലഭിച്ചത്. ദിവസവും 18 മണിക്കൂര്‍ ആയിരുന്നു ജോലി. മാസശമ്പളമായി ലഭിച്ചിരുന്നത് 736രൂപയാണ്. ആ വെളുത്ത കവറിന്റെ കനം ഇന്നും എനിക്കോര്‍മ്മയുണ്ട്. സുരരൈ പോട്രു എന്ന ചിത്രത്തില്‍ ആ ദിവസങ്ങളിലൂടെ ഞാന്‍ വീണ്ടും ജീവിക്കുകയായിരുന്നു എന്ന് നടന്‍ പറഞ്ഞു.

അച്ഛനും അമ്മയും തന്റെ വളര്‍ച്ചയില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുളളവരാണ് എന്നും സൂര്യ പറയുന്നു. മക്കളുടെ സുഹൃത്തുക്കളായിരിക്കണം മാതാപിതാക്കള്‍. എല്ലാവരുടെ കയ്യിലും ഇന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഒകെയുണ്ട്. മക്കള്‍ വീട്ടില്‍ തന്നെ ഉണ്ടെങ്കിലും അവര്‍ എന്താണ് ചെയ്യുന്നതെന്ന് പോലും ചില മാതാപിതാക്കള്‍ക്ക് അറിയില്ല. അങ്ങനെയാകാന്‍ പാടില്ലെന്നും നിങ്ങളുടെ ഹൃദയം അവര്‍ക്ക് മുന്‍പില്‍ തുറക്കണമെന്നും സൂര്യ പറഞ്ഞു. അതേസമയം നവംബര്‍ 12ന് ദീപാവലി റിലീസായിട്ടാണ് സൂര്യയുടെ സുരരൈ പോട്രു പ്രേക്ഷകരിലേക്ക് എത്തുന്നത്.

ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളി താരം അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളുമെല്ലാം തന്നെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇരുതി സുട്ര് എന്ന ശ്രദ്ധേയ ചിത്രമൊരുക്കിയ സുധ കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു സ്‌കൂള്‍ അധ്യാപികയുടെ മകനായി ആകാശം സ്വപ്‌നം കണ്ട ക്യാപ്റ്റന്‍ ഗോപിനാഥിന്റെ കഥയാണ് ചിത്രം പറയുന്നത്. സൂര്യയ്ക്കും അപര്‍ണയ്ക്കുമൊപ്പം നടി ഉര്‍വ്വശിയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.