മുട്ടിൽ മരം മുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ സത്യസന്ധമായ നിലപാടെടുത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥരെ നിയമസഭയിൽ ഞങ്ങൾ സല്യൂട്ട് ചെയ്തു. കാരണം സർക്കാരിന്റെ ഉത്തരവ് മരംമുറിക്ക് അനുകൂലമായിട്ടാണ്
മരം സംരക്ഷിക്കുന്നതിന് വേണ്ടി ധീരമായ നിലപാടെടുത്തത ഉദ്യോഗസ്ഥരുള്ളതിനാലാണ് കള്ളക്കച്ചവടം കണ്ടുപിടിക്കാൻ സാധിച്ചത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനാണ് മരംമുറി ബ്രദേഴ്‌സിന്റെ ഏറ്റവുമടുത്ത ഉദ്യോഗസ്ഥൻ. ഇയാൾ പരസ്യമായി നിലപാട് എടുത്തിട്ടും അയാൾക്കെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി അയാളുടെ ഫയൽ മടക്കി.
സ്വന്തം വകുപ്പിലെ മരം സംരക്ഷിക്കാൻ നടപടിയെടുത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിലെ ധർമടം ബന്ധം എന്താണ്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നതെന്നും സതീശൻ ആരോപിച്ചു