സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം; സ്റ്റോക്കുള്ളത് ഒരു ലക്ഷം ഡോസ് മാത്രം

 

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ കടുത്ത ക്ഷാമം. ഒരു ലക്ഷത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് സ്‌റ്റോക്കുള്ളത്. ഇന്ന് അഞ്ചര ലക്ഷം വാക്‌സിൻ സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു. ഇത് എത്തിയില്ലെങ്കിൽ ഇന്നത്തെ വാക്‌സിനേഷൻ അവതാളത്തിലാകും

തലസ്ഥാനമായ തിരുവനന്തപുരത്ത് ആകെയുള്ളത് 6000 ഡോസ് വാക്‌സിൻ മാത്രമാണ്. ജില്ലയിൽ പത്ത് ആശുപത്രികളിൽ താഴെയാകും ഇന്ന് കുത്തിവെപ്പുണ്ടാകുക. മിക്ക ജില്ലകളിലും മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തിവെക്കാൻ നിർദേശം നൽകി

ഇന്ന് മുതൽ ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ ഓൺലൈൻ രജിസ്‌ട്രേഷൻ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്‌പോട്ട് രജിസ്‌ട്രേഷനുണ്ടാകില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വാക്‌സിനേഷൻ സെന്ററുകളിൽ ടോക്കൺ വിതരണം ചെയ്യുകയുള്ളു.

മുൻഗണനാ പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്‌ട്രേഷൻ നടത്തുന്നതിന് ജില്ലകൾ മുൻകൈയെടുക്കേണ്ടതാണ്. സർക്കാർ, സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭ്യതയെ അടിസ്ഥാനമാക്കി കൊവിൻ വെബ് സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നുവെന്ന് ജില്ലകൾ ഉറപ്പു വരുത്തണം.