തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഇന്നും വാദം തുടരും; കേസിൽ നടിയും കക്ഷി ചേർന്നു
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഇരയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ മൂന്നാം എതിർകക്ഷിയാക്കി വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതിയായ ദിലീപിന് അന്വേഷണത്തിലോ തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് നടി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. തന്നെ കുടുക്കാനുള്ള ഗൂഢാലോചനയാണ് തുടരന്വേഷണം എന്നാണ് ദിലീപ് പറയുന്നത്. എന്നാൽ തുടരന്വേഷണത്തിന് ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്
അതേസമയം ദിലീപിന്റെ അഭിഭാഷകനായ ബി രാമൻപിള്ളക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിനെതിരെ അഭിഭാഷക അസോസിയേഷൻ ഇന്ന് പ്രതിഷേധിക്കും. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ഇയാൾക്ക് നോട്ടീസ് നൽകിയത്. ഇതിനെതിരെ ഉച്ചയ്ക്ക് ഒരു മണിക്കാണ് ഹൈക്കോടതി മുറ്റത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നത്.