അതിദാരിദ്ര്യം ലഘൂകരിക്കും, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കലെത്തും; സുപ്രധാന തീരുമാനങ്ങളുമായി ആദ്യ മന്ത്രിസഭാ യോഗം

 

അതിദാരിദ്ര്യ ലഘൂകരണം പ്രവർത്തികമാക്കാൻ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇതിനായി വിശദമായ സർവേ നടത്തുക, ക്ലേശ ഘടകങ്ങളെ നിർണയിക്കുക. അതിനായി തദ്ദേശ സ്വയം ഭരണ വകുപ്പിലെ രണ്ട് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

പാർപ്പിടമെന്നത് മനുഷ്യന്റെ അവകാശമായി അംഗീകരിച്ച സർക്കാരാണ്. എല്ലാവർക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം പൂർത്തീകരിക്കാൻ വിവിധ പദ്ധതികൾ. മറുഭാഗത്ത് ജപ്തി നടപടികളൂടെയും മറ്റും ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ. ഇതൊഴിവാക്കാൻ ശാശ്വതമായ നിയമനിർമാണത്തെ കുറിച്ച് ആലോചിക്കും. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ആസൂത്രണ കാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ഒരു വിദഗ്ധ അഭിഭാഷകൻ ഇവരടങ്ങുന്ന സമിതി ഇതുൾപ്പെടുന്ന കാര്യങ്ങൾ പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ യോഗം നിർദേശം നൽകി. ഇത് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും

ഗാർഹിക ജോലികളിലേർപ്പെടുന്ന സ്ത്രീകൾക്ക് സഹായമെത്തിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കുമെന്നും പറഞ്ഞിരുന്നു. ഈ പദ്ധതിക്ക് രൂപം നൽകാൻ ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി.

20 ലക്ഷം അഭ്യസ്ത വിദ്യർക്ക് തൊഴിൽ നൽകാനുതകുന്ന പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ പദ്ധതിയുടെ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതുപരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ കെ ഡെസ്‌കിനെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാനുള്ള തുടർ പ്രവർത്തനങ്ങളിൽ ആവശ്യമായ തീരുമാനമെടുക്കും

സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണുള്ളത്. ഓരോ തീരുമാനവും ജനങ്ങൾക്കായുള്ളതാണ്. അത് ജനങ്ങൾക്ക് ലഭ്യമാകുന്നതിന് തടസ്സം വരരുത്. സർക്കാർ സേവനങ്ങൾ ഓൺലൈനായി വീട്ടുപടിക്കൽ എത്തുന്ന ബൃഹത്തായ പദ്ധതിക്ക് തുടക്കം. ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ ഈ പദ്ധതി നിലവിൽ വരാൻ ഉതകുംവിധം അന്തിമ രൂപം നൽകും. ഐടി സെക്രട്ടറിയും ഐടി വിദഗ്ധരുമടങ്ങുന്ന സമിതിയാണ് പദ്ധതിക്ക് അന്തിമരൂപം നൽകിയത്. ഇ ഓഫീസ്, ഇ ഫയൽ സംവിധാനങ്ങൾ കൂടുതൽ വിപുലമായി നടപ്പാക്കും.

വ്യവസായങ്ങളെ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ വ്യത്യസ്തങ്ങളായ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതൊഴിവാക്കാൻ പരാതി പരിഹാരത്തിന് ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.