വയനാട് ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിഎം വിംസ് എന്ന സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനുള്ള നിർദേശം സർക്കാർ വേണ്ടെന്ന് വെച്ചു. സ്വന്തം നിലയിൽ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കാനാണ് തീരുമാനമായത്.
സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതിനായി ഡി എം വിംസ് മുന്നോട്ടു വെച്ച നിർദേശങ്ങൾ അപ്രായോഗികമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.
കോളജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. യോഗത്തിൽ മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തുടങ്ങിയവർ പങ്കെടുത്തു.