കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം കൂട്ടത്തല്ലിൽ കലാശിച്ചു. പ്രകടനവുമായി എത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊക്കെ മർദനമേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവർക്കാണ് മർദനമേറ്റത്.
മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലേക്കാണ് പ്രതിഷേധിക്കാർ എത്തിയത്. എന്നാൽ ഇവരെ പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്യുകയായിരുന്നു. റിജിൽ മാക്കുറ്റിയുടെ ഷർട്ട് വലിച്ചുകീറുന്നതിന്റെയും പുറത്ത് കൈ ചുരുട്ടി ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലവിളിക്കുന്നതും കാണാം.
എന്നാൽ ജനാധിപത്യ പ്രതിഷേധങ്ങളെ ഗുണ്ടാ പ്രമുഖരെ വെച്ച് തല്ലിയൊതുക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആരോപിച്ചു.