രണ്ടാം പിണറായി സർക്കാരിൽ ഗണേഷ് കുമാറിന് ആദ്യ ടേമിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് കുടുംബവഴക്കിനെ തുടർന്നെന്ന് സൂചന. കുടംബത്തിലെ സ്വത്ത് തർക്കമാണ് കാരണം. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തിനെ ചൊല്ലിയുള്ള പരാതിയുമായി ഗണേഷിന്റെ സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും സമീപിച്ചിരുന്നു.
പിള്ളയുടെ വിൽപത്രത്തിൽ ക്രമക്കേട് നടന്നുവെന്ന പരാതിയാണ് ഇവർ ഉന്നയിച്ചത്. രണ്ട് പെൺമക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായപ്പോൾ പരിചരിച്ചിരുന്നത് ഗണേഷ്‌കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമത് ഒരു വിൽപത്രം തയ്യാറാക്കിയെന്നും കൂടുതൽ സ്വത്ത് ഗണേഷിന് കിട്ടുംവിധമാണെന്നുമാണ് പരാതി
തർക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. മുന്നണി തീരുമാനത്തിൽ അതൃപ്തിയില്ലെന്ന് ഗണേഷ്‌കുമാറും പ്രതികരിച്ചു. പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.