വയനാട് മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് ജയിലിൽ മരിച്ച സംഭവത്തിൽ വനം വകുപ്പിനെതിരെ പരാതിയുമായി കുടുംബം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ മാനന്തവാടി പൊലീസിൽ പരാതി നൽകി. ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച കേസിലാണ് കാട്ടിയേരി കോളനിയിലെ രാജുവിനെ വനംവകുപ്പ് അറസ്റ്റ് ചെയ്ത റിമാൻറ് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസമാണ് ആനകൊമ്പ് മോഷണകേസിൽ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന രാജു മരിച്ചത്. ജയിലിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പേര്യ കൊളമതറ വനത്തിൽ ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച കേസിൽ സെപ്തംബർ മൂന്നിന് രാജു ഉൾപ്പെടെ മൂന്ന് പേരെയായിരുന്നു വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.വനവിഭവങ്ങൾ ശേഖരിക്കാൻ പോകവെയാണ് ഇവർ ആനകൊമ്പ് മോഷ്ടിച്ചതെന്നാണ് വനംവകുപ്പിന്‍റെ വാദം. എന്നാൽ കസ്റ്റഡിയിലെത്ത പ്രതികളെ മർദ്ദിച്ചിട്ടുണ്ടെന്ന് ഇത് പരിശോധിക്കണമെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും ആരോപിച്ചാണ് ബന്ധുക്കൾ മരണം ശേഷം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.