തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക് ജീവനക്കാരുടെ സംഘടനകളെ അറിയിച്ചു. അടുത്ത ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ സര്‍വീസ് സംഘടനാ പ്രതിനിധികള്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തി.
കഴിഞ്ഞ അഞ്ച് മാസമായി പിടിക്കുന്നുണ്ട്. മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1-നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.
ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്‌കീം’ എന്ന് പേര് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്തശേഷം എടുക്കണമെന്നും മന്ത്രിസഭ നിര്‍ദ്ദേശിച്ചിട്ടുണ്ട്.