കൊവിഡിനായി പിടിച്ച ശമ്പളം ഒമ്പത് ശതമാനം പലിശയോടെ പിഎഫ് വഴി തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ച ഒരു മാസത്തെ ശമ്പളം തിരിച്ചുനല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 9% പലിശ സഹിതം പി.എഫില്‍ നിക്ഷേപിക്കാനാണ് തീരുമാനം.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ (ശൂന്യവേതന) അവധിയില്‍ പ്രവേശിക്കാവുന്ന കാലാവധി 20 വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ചുരുക്കാനും തീരുമാനമായി. ഇപ്പോള്‍ ദീര്‍ഘകാല അവധിയില്‍ പോയവര്‍ക്ക് തിരിച്ചുവരാന്‍ സാവകാശം നല്‍കും. അവധി റദ്ദാക്കി തിരിച്ചുവരാത്തവരെ രാജിവച്ചതായി കണക്കാക്കും.പ്രളയ സമയത്ത് കൊണ്ടുവന്ന സാലറി ചലഞ്ചിന് ബദലായാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ തീരുമാനിച്ചിരുന്നത്. ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായിട്ടാണ് പിടിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് പിടിച്ച തുക തിരിച്ച് നല്‍കുമെന്ന വ്യവസ്ഥയും കൂടി ഉള്‍പ്പെടുത്തിയായിരുന്നു ഉത്തരവ്.