മകരവിളക്ക് തീർത്ഥാടനം ; ശബരിമല ക്ഷേത്രനട 20 ന് അടയ്ക്കും

മകരവിളക്ക് തീർത്ഥാടനത്തിന് നാളെ ( 19.01.21 ) രാത്രി മാളികപ്പുറത്ത് നടക്കുന്ന ഗുരുസിയോടെ സമാപനമാകും. നാളെ രാത്രി 8.30 ന് അത്താഴപൂജ. 8.50 മണിക്ക് ഹരിവരാസന സങ്കീർത്തനം പാടി 9 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.ശേഷം മാളികപ്പുറത്ത് ഗുരുസി.അയ്യപ്പഭക്തർക്ക് നാളെ കൂടി മാത്രമെ ദർശനത്തിനുള്ള അനുമതി ഉള്ളൂ.20ന് രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും.

5.15 ന് ഗണപതി ഹോമം.ശേഷം 6 മണിയോടെ തിരുവാഭരണ പേടകങ്ങൾ വഹിച്ച് പേടകവാഹകർ പതിനെട്ടാംപടിയിലൂടെ പന്തളത്തിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. തുടർന്ന് ശബരിമലയിലുള്ള പന്തളം രാജകുടുംബാംഗങ്ങൾ അയ്യപ്പദർശനത്തിനായി എത്തിച്ചേരും. ഈ സമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാർക്കും തന്നെ പ്രവേശനം ഉണ്ടാവില്ല.

ദർശനം പൂർത്തിയായാൽ ഉടൻ തന്നെ ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് മേൽശാന്തി പതിനെട്ടുപടികൾ ഇറങ്ങി വന്ന് ശ്രീകോവിലിൻ്റെ താക്കോൽ കൈമാറും. അങ്ങനെ ഈ വർഷത്തെ തീർത്ഥാടനത്തിനും പരിസമാപ്തിയാകും. കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകിട്ട് തുറക്കും.17 ന് രാത്രി നട അടയ്ക്കും.