സിനിമാ മേഖലയിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

 

സിനിമാ മേഖലയിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. സിനിമാ സെറ്റുകളിലും സംഘടനകളിലും പരാതി പരിഹാര സംവിധാനം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.

തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പരാതി കേൾക്കുന്നതിന് സമിതി രുപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയിട്ടല്ലന്ന് ചൂണ്ടിക്കാട്ടി വിമൻ ഇൻ സിനിമ കളക്ടിവ്  സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

കമ്മിറ്റി രൂപീകരിക്കാൻ തയ്യാറണന്ന് സംഘടനകളായ എഎംഎംഎയും ഫെഫ്ക്കയും കോടതിയെ അറിയിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടന്ന് വനിതാ കമ്മിഷനും അറിയിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി നിയമനിർമ്മാണം നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് ഹേമ, അടൂർ ഗോപാലകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ടുകൾ ചർച്ചചെയ്തതിനു ശേഷമായിരിക്കും നിയമ നിർമാണത്തിലേക്കു കടക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.