പൂജപ്പുര സെൻട്രൽ ജയിലിൽ സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറുന്നു. ഇന്ന് 145 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 298 പേരിൽ നടത്തിയ പരിശോധനയിലാണ് 145 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 144 തടവുകാരനും ഒരു ഉദ്യോഗസ്ഥനുമാണ് രോഗം കണ്ടെത്തിയത്.
ഇതിനോടകം 363 പേർക്കാണ് ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചത്. 900ത്തിലധികം പേരാണ് ജയിലിലുള്ളത്. ജയിൽ ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തടവുപുള്ളികളെ ജയിലിൽ തന്നെ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിലാണ് ചികിത്സിക്കുന്നത്. നാളെയോടെ ജയിലിലെ പരിശോധന പൂർത്തിയാക്കാനാണ് തീരുമാനം
ഇന്ന് കൊവിഡ് ബാധിച്ച് ഒരു മരണവും ജയിലിൽ റിപ്പോർട്ട് ചെയ്തു. 72കാരനായ മണികണ്ഠനാണ് മരിച്ചത്. വിചാരണ തടവുകാരനായ മണികണ്ഠൻ കഴിഞ്ഞ ഒന്നര വർഷമായി ജയിലിലാണ്. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജയിലിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ചതും മണികണ്ഠനാണ്.