കാസര്‍കോടും എറണാകുളത്തും കോഴിക്കോടും സ്ഥിതി രൂക്ഷം; സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു

കാസര്‍കോട് ജില്ലയില്‍ സ്ഥിതി അല്‍പ്പം രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ച 74 പേരില്‍ 48 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. ചെങ്കള, മധൂര്‍ പഞ്ചായത്തുകളിലാണ് കൂടുതല്‍ സമ്പര്‍ക്ക രോഗികളുള്ളത്. മൂന്നാം ഘട്ടത്തില്‍ ചെങ്കളയില്‍ 24 പേരും മധൂറില്‍ 15 പേരും രോഗബാധിതരായി.

എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരില്‍ 64 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ചെല്ലാനം, കീഴ്മാട്, ആലുവ പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതല്‍. ചെല്ലാനത്ത് ആകെ 544 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 70 എണ്ണവും പോസിറ്റീവായി. ആലുവയില്‍ 514 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 59 പേര്‍ പോസിറ്റീവായി. എറണാകുളം മാര്‍ക്കറ്റില്‍ 152 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 20 പേര്‍ പോസിറ്റീവായി.

കണ്ണൂരില്‍ കൂത്തുപറമ്പ് സിഐഎസ്എഫ് ക്യാമ്പാണ് സമ്പര്‍ക്ക രോഗം കൂടിയ മേഖല. ഇതിനോടകം 70 പേര്‍ക്ക് രോഗമുണ്ടായി. കണ്ണൂര്‍ കന്റോണ്‍മെന്റ് ഏരിയ സെന്ററിലെ നാനൂറിലേറെ പേര്‍ക്ക് രോഗമുണ്ടായി. വയനാട്ടില്‍ സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ച കേസുകളില്ല. കൊവിഡ് ക്ലസ്റ്ററുകളുമില്ല. രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി ജില്ലയായതിനാല്‍ വലിയ ജാഗ്രത വയനാടട്ില്‍ വേണം.