തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ ശക്തമായി തുടരാന്‍ കാരണം. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, കഴിഞ്ഞ ഏതാനും മണിക്കൂറുകളിലായി പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് സീസണിലെ ആദ്യ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുകയായിരുന്നു.
അടുത്ത മണിക്കൂറുകളില്‍ വടക്ക്പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദ്ദമാവും. കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത ഉള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ബീച്ചുകളില്‍ പോവുന്നതും, കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, കേരള തീരത്ത് മല്‍സ്യബന്ധനത്തിന് തടസ്സമില്ല. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.