സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. ഇതിന്റെ പശ്ചാത്തലത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനാണ് സാധ്യത. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.നാളെയോടെ മഴ കൂടുതല്‍ ശക്തി പ്രാപിക്കും. നാളെയും മറ്റന്നാളും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വരെ വ്യാപക മഴയുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ചു വീണ്ടും ഷഹീന്‍ ചുഴലിക്കാറ്റായി മാറി. ഇന്ത്യന്‍ തീരത്തുനിന്നും പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറി ഒമാന്‍ തീരത്തേക്കു നീങ്ങും.അറബിക്കടലില്‍ തമിഴ്‌നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കാര്‍മേഘങ്ങള്‍ വന്‍തോതില്‍ കേരളത്തിലൂടെ കടന്നുപോകുമെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. അഞ്ചാം തീയതിവരെ ഇടിയും മിന്നലും മഴയും ചേര്‍ന്ന കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്.