നിധിനയെ കൊലപ്പെടുത്താന്‍ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയിരുന്നു; കൊല ആസൂത്രിതം

നിധിനയെ കൊലപ്പെടുത്താൻ പ്രതിയായ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയിരുന്നതായി മൊഴി. ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് അഭിഷേക് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയ ബ്ലേഡ് വാങ്ങി ഇടുകയായിരുന്നു. അഭിഷേക് ബ്ലേഡ് വാങ്ങിയ ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും.

പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇന്ന് തന്നെ സംഭവം നടന്ന പാലാ സെന്‍റ് തോമസ് കോളേജിലും പ്രതി ബ്ലേഡ് വാങ്ങിയ കടയിലുമെത്തിച്ച് അഭിഷേകിനെ തെളിവെടുപ്പ് നടത്തും. നിധിന വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ പെൺകുട്ടിയുടെ അമ്മയ്ക്കടക്കം ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. അഭിഷേകിന്‍റെ ഫോൺ വിവരങ്ങൾ ശേഖരിക്കാനും പോലീസ് നടപടി തുടങ്ങി.