കോവിഡ് ചട്ടം പാലിച്ചും വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നതടക്കം പ്രതിരോധത്തിന് അവസരം ഒരുക്കിയും പുതിയ ചിട്ടകളുമായി 18 ന് കോളേജ് പൂർണമായി തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കാം. കോവിഡ് പ്രോട്ടോക്കോൾ ബോധവത്കരണത്തോടെ ക്ലാസുകൾ തുടങ്ങും. ലിംഗ പദവി കാര്യത്തിൽ പ്രത്യേക ക്ലാസുകൾ നൽകും. വിനോദയാത്രകൾ സംഘടിപ്പിക്കാൻ അനുമതിയില്ല. ലാബും ലൈബ്രറികളും ഉപയോഗിക്കാൻ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കികൊടുക്കണം. പശ്ചാത്തലസൗകര്യം, ലാബ്-ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിന് സ്ഥാപനമേധാവികൾ മുൻകൈയെടുക്കണം. പ്രിൻസിപ്പൽമാരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദു നിർദേശങ്ങൾ അറിയിച്ചു.
ടൂറിനു പോകാനുള്ള കുട്ടികളുടെ ആവശ്യവുമായി നിരവധി രക്ഷിതാക്കളുടെ വിളികൾ വരുന്നുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്രകൾ അഭിലഷണീയമല്ലെന്നും വേണ്ടെന്നും കുട്ടികളോട് പറയണമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോവിഡിന് പുറമെ, ശക്തമായ മഴയുടെയും ഉരുൾപൊട്ടലിന്റെയും അന്തരീക്ഷമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രണയക്കൊലയും മറ്റും ഉണ്ടാക്കിയ ഉൽക്കണ്ഠാകരമായ അന്തരീക്ഷം വിദ്യാർഥികൾക്കിടയിൽ നിലനിൽക്കുന്നു. കോവിഡ് സാഹചര്യം കുട്ടികളുടെ മാനസികനിലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് കാമ്പസുകളിൽ കൗൺസലിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കണം. ഇവ സംബന്ധിച്ച് വിശദമായ സർക്കുലർ ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ കാമ്പസുകൾക്ക് പ്രവർത്തിക്കാനാവൂ. നിലവിലെ സ്ഥിതിവിവരം സമിതിയെ അറിയിക്കും. വിശദമായ ഉത്തരവ് ഉടൻ പ്രസിദ്ധീകരിക്കും – മന്ത്രി അറിയിച്ചു.