കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ന് ഹാജരാകുന്നില്ലെന്നും കസ്റ്റംസിന് മുന്നിൽ നാളെയെത്തുമെന്നും ഷാഫി പറഞ്ഞു. അർജുൻ ആയങ്കിയുടെ ഭാര്യ അമല, പ്രതികൾ ഉപയോഗിച്ച സിം കാർഡുകളുടെ ഉടമയായ സക്കീന എന്നിവരോടും ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കരിപ്പൂർ സ്വർണ്ണക്കത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് കണ്ടെത്തിയ അർജുൻ ആയങ്കിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മുഹമ്മദ് ഷാഫി ഒരു സ്വകാര്യ ടിവി ചാനലിനോട് പ്രതികരിച്ചത്. സ്വർണ്ണക്കടത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഷാഫി പറഞ്ഞു. കസ്റ്റംസ് പിടിച്ചെടുത്തത് സഹോദരിയുടെ ലാപ്ടോപ്പായിരുന്നുവെന്നും ഇയാൾ സൂചിപ്പിച്ചു.