സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസിന്റെ നിർദേശം. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച എത്താനാണ് നിർദേശം. ഇന്ന് അർജുൻ ആയങ്കിയുമായി കണ്ണൂരിലെത്തി കസ്റ്റംസ് തെളിവെടുപ്പ് നടത്തിയിരുന്നു. അർജുന്റെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് പറയുന്നു

സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകൾ വീട്ടിൽ നിന്ന് ലഭിച്ചു. അതേസമയം ഫോൺ വളപട്ടണം പുഴയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് അർജുൻ ആയങ്കി മൊഴി തിരുത്തി. നേരത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കാർ മാറ്റുന്നതിനിടെ ഫോൺ നഷ്ടപ്പെട്ടുവെന്നായിരുന്നു ആദ്യമൊഴി.

സ്വർണക്കടത്ത് ക്വട്ടേഷനിൽ ടിപി കേസ് പ്രതികളുടെ സഹായം ലഭിച്ചിരുന്നുവെന്നും അർജുൻ ആയങ്കി വെളിപ്പെടുത്തിയിരുന്നു. ക്വട്ടേഷന്റെ ലാഭവിഹിതത്തിൽ ഒരു പങ്ക് കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയ സംഘത്തിന് നൽകിയിരുന്നു.