കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ട് അഭിഭാഷകർക്കൊപ്പമാണ് അർജുൻ ആയങ്കി കസ്റ്റംസ് ഓഫീസിലെത്തിയത്. രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ എത്തണമെന്ന് കാണിച്ച് കസ്റ്റംസ് അർജുന് നോട്ടീസ് നൽകിയിരുന്നു
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇയാൾ ഒളിവിലായിരുന്നു. ഇതിനാൽ തന്നെ അർജുൻ ചോദ്യം ചെയ്യലിന് എത്തില്ലെന്നായിരുന്നു സൂചന. എന്നാൽ പറഞ്ഞ സമയത്തിനും മുമ്പ് തന്നെ അഭിഭാഷകർക്കൊപ്പം അർജുൻ കസ്റ്റംസ് ഓഫീസിൽ എത്തുകയായിരുന്നു.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിപ്രാകരം അർജുൻ ആണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ. ആർക്ക് വേണ്ടിയാണ് അർജുൻ സ്വർണം കടത്തുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ ഇനി അന്വേഷിക്കും. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിൽ വാങ്ങി ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്.