എന്‍.ഐ.എ. വാഹനത്തിന്റെ ടയര്‍ പഞ്ചറായി; സ്വപ്‌നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി

ബെംഗളൂരുവിൽനിന്ന് സ്വപ്ന സുരേഷുമായി യാത്രതിരിച്ച എൻ.ഐ.എ. വാഹനത്തിന്റെ ടയർ പഞ്ചറായി. ദേശീയപാതയിൽ പാലക്കാട് ആലത്തൂർ പിന്നിട്ടതിന് പിന്നാലെയാണ് വാഹനത്തിന്റെ ടയർ പഞ്ചറായി അല്പസമയം യാത്ര തടസപ്പെട്ടത്. തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി യാത്ര പുനരാരംഭിച്ചു.

സന്ദീപ് നായരുമായി വന്നിരുന്ന വാഹനത്തിലേക്കാണ് സ്വപ്നയെ മാറ്റിയത്. എന്നാൽ അല്പദൂരം പിന്നിട്ടതിന് ശേഷം ഈ വാഹനം വീണ്ടും ദേശീയപാതയിൽ നിർത്തിയിട്ടു. യാത്രയിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷമാണ് പിന്നീട് യാത്ര തുടർന്നത്.

രാവിലെ 11.15 ഓടെയാണ് ബെംഗളൂരുവിൽനിന്നുള്ള എൻ.ഐ.എ. സംഘം പ്രതികളുമായി വാളയാർ അതിർത്തി കടന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിർത്തി മുതൽ കേരള പോലീസിന്റെ അകമ്പടിയുമുണ്ട്.

പ്രതികളെ കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് ഏതാനും കോൺഗ്രസ് പ്രവർത്തകർ വാളയാർ ചെക്ക്പോസ്റ്റിൽ എത്തിയിരുന്നു. എൻ.ഐ.എ. സംഘത്തിന് അഭിവാദ്യമർപ്പിച്ചുള്ള പ്ലക്കാർഡുകളുമായാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.