കൊച്ചി: സ്വര്‍ണക്കടത്ത് കേസ്, ശിവശങ്കറിന്റെ കുരുക്ക് മുറുകി. ക്ലീന്‍ ചിറ്റില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്നും കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. രാവിലെയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് പൂര്‍ത്തിയായത്. വരുന്ന ചൊവ്വാഴ്ച ശിവശങ്കറിനോട് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘം.
കഴിഞ്ഞ ദിവസവും എം.ശിവശങ്കറിനെ 11 മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ശിവശങ്കറിനോട് കൊച്ചിയില്‍ തങ്ങാന്‍ ആവശ്യപ്പടുകയായിരുന്നു.2017ല്‍ കസ്റ്റംസ് തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്ത ഈന്തപ്പഴം കോണ്‍സുലേറ്റിനു പുറത്തുള്ളവര്‍ ഉപയോഗിച്ചുവെന്ന കേസില്‍ ചോദ്യം ചെയ്യാനാണു ശിവശങ്കറിനെ വെള്ളിയാഴ്ച കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റില്‍ വിളിച്ചുവരുത്തിയത്.
ശിവശങ്കറിനെ കള്ളക്കടത്തുമായി നേരിട്ട് ബസിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ അന്വേഷണ എജന്‍സികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളും വച്ചാണ് എം.ശിവശങ്കറിനെ ചോദ്യം ചെയ്യലിനു ഇപ്പോള്‍ വിധേയമാക്കിയത്. കേസിലെ പ്രതി സ്വപ്നയുമായി നടത്തിയ ദുരൂഹ വാട്‌സാപ് ചാറ്റുകളെ പറ്റിയും ചോദ്യങ്ങളുണ്ടായി. സ്വപ്നയുടെ പണമിടപാടുകള്‍, ലോക്കര്‍ എടുത്തു നല്‍കാനിടയായ സാഹചര്യം, ലോക്കറിലെയും അക്കൗണ്ടുകളിലെയും പണത്തിന്റെ സ്രോതസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘം ആരാഞ്ഞു.