മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ലെന്ന് നേരത്തെ പറഞ്ഞ പ്രസ്താവന നിയമസഭയിൽ സർക്കാർ തിരുത്തി. ജലവിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് തിരുത്തൽ സഭയെ അറിയിച്ചത്.
സഭയിൽ ഒന്ന് പറയുകയും എ കെ ജി സെന്ററിന് മുന്നിൽ മറ്റൊന്ന് പറയുകയും ചെയ്ത ആളാണ് വനംമന്ത്രിയെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജൂൺ 11ന് കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. അഡീഷണൽ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗമാണ് സംയുക്ത പരിശോധന തീരുമാനിച്ചത്. അതിന് പിന്നാലെ മരം മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കുന്നു. എന്നിട്ട് മന്ത്രിമാർ പറയുന്നു ഒന്നും അറിഞ്ഞില്ലെന്ന്
ഈ നിലപാട് സുപ്രീം കോടതിയിലെ സർക്കാർ വാദം പൊളിക്കും. കേരളത്തിന്റെ കേസ് ആവിയായി. ഇനിയെങ്ങനെ പുതിയ ഡാം ആവശ്യപ്പെടുമെന്നും വി ഡി സതീശൻ ചോദിച്ചു. മരം മുറിക്കാനുള്ള അനുവാദം വേഗത്തിലാക്കണമെന്ന് മാത്രമാണ് ജലവിഭവ സെക്രട്ടറി പറഞ്ഞതെന്നും ഉത്തരവിടാൻ പറഞ്ഞിട്ടില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
നേരത്തെ വനംമന്ത്രി പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായാണ് കൃഷ്ണൻകുട്ടി ഇന്ന് പറഞ്ഞതെന്ന് വി ഡി സതീശൻ പറഞ്ഞു. രണ്ട് മന്ത്രിമാർ വ്യത്യസ്ത മറുപടി നൽകി. മരം മുറി ഉത്തരവ് ഇതുവരെ റദ്ദാക്കിയിട്ടില്ല. വനം മന്ത്രി അടക്കമുള്ളവർ ഉത്തരവാദിത്വം പറയണമെന്നും വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.