മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ; സംസ്ഥാനത്തിന് കത്തയച്ചു

 

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇതുചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തയച്ചു. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് നടപടി. കേന്ദ്ര ജല ജോയന്റ് സെക്രട്ടറിയാണ് കത്തയച്ചത്.

എർത്ത് ഡാമും ശക്തിപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണി നടത്താനും കേന്ദ്രം നിർദേശിക്കുന്നു. നേരത്തെ കേരളം മരവിപ്പിച്ച വിവാദ ഉത്തരവിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നാണ് കേന്ദ്രം അയച്ച കത്തിൽ പറയുന്നത്.

ബേബി ഡാം ബലപ്പെടുത്തി മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നതായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. ബേബി ഡാം ബലപ്പെടുത്താൻ താഴെയുള്ള മരങ്ങൾ വെട്ടാൻ കേരളം അനുമതി നൽകണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കേരളം മരം വെട്ടാനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് നൽകി. ഇത് വിവാദമായതോടെയാണ് സംസ്ഥാന സർക്കാർ ഉത്തരവ് മരവിപ്പിച്ചത്.